മാഹി: പന്തക്കൽ ജവഹർ നവോദയാ വിദ്യാലയ ഗ്രൗണ്ടിൽ വിദ്യാലയ ഫുട്ബോൾ ടീമും സ്കൂൾ അലുംനി ഫുട്ബോൾ ടീമും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി.വിദ്യാലയ അലുംനി ഫുട്ബോൾ അസോസിയേഷൻ ആണ് ‘ഫുട്ബോൾ തന്നെ ലഹരി ‘ എന്ന സന്ദേശവുമായി യുവതലമുറയെ ബോധവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൗഹൃദ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചത്.
മാഹി സർക്കിൾ ഇൻസ്‌പെക്ടറും പോണ്ടിച്ചേരി നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ആർ. ഷണ്മുഖം മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. കെ. സജീവൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ബാഡ്മിന്റൺ താരം വി. പി. റഷീദ് ആശംസകൾ നേർന്നു. അധ്യാപകരായ ടി. സ്മിത, കെ. പി. ജിതിൻ എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. കായികാധ്യാപകൻ മുഹമ്മദ് ഷംസുൽ ഹഖ് സ്വാഗതവുംഅലുംനി പ്രതിനിധി എം. സി. വരുൺ നന്ദിയും പറഞ്ഞു.സൗഹൃദവും വാശിയും നിറഞ്ഞ ഫുട്ബോൾ മത്സരത്തിൽ അലുംനി ടീം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് വിജയിച്ചു. അലുംനി ടീമിന് വേണ്ടി ടി. അനുരൂപും പ്രേംശ്രാവണും ഓരോ ഗോൾ വീതം നേടിയപ്പോൾ സ്കൂൾ ടീമിന് വേണ്ടി ബി. ഹരികൃഷ്ണൻ എക ഗോൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യാതിഥിയായെത്തിയ ആർ. ഷൺമുഖം വിതരണം ചെയ്തു.