Latest News From Kannur

അതുക്കും മേലെ…; ഒരു സുപ്രഭാതത്തില്‍ എസ്ബിഐ ബാങ്ക് ശാഖ, വ്യാജമെന്ന് അറിയാതെ ഒഴുകിയെത്തി നാട്ടുകാര്‍; ലക്ഷങ്ങളുടെ തട്ടിപ്പ്, സംഭവം ഇങ്ങനെ

0

റായ്പൂര്‍: ബാങ്ക് ഇടപാടുകളിലെ വഞ്ചന, വ്യാജ രേഖകളിലൂടെയുള്ള തട്ടിപ്പുകള്‍, മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ആണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു തട്ടിപ്പിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ അമ്പരിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വ്യാജ ശാഖ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ കഥയാണ് പുറത്തുവരുന്നത്. അനധികൃത നിയമനങ്ങള്‍, വ്യാജ പരിശീലന സെഷനുകള്‍, തൊഴിലില്ലാത്ത വ്യക്തികളെയും പ്രാദേശിക ഗ്രാമീണരെയും വഞ്ചിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ എന്നിവ ഈ തട്ടിപ്പില്‍ ഉള്‍പ്പെടുന്നു.

ഛത്തീസ്ഗഡിലാണ് സംഭവം നടന്നത്. സിനിമയെ വെല്ലുന്നതിന് സമാനമായാണ് പ്രതികള്‍ ഒരു വലിയ ബാങ്കിങ് തട്ടിപ്പ് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ, ശക്തി ജില്ലയിലെ ഛപ്പോര എന്ന ഗ്രാമത്തിലാണ് എസ്ബിഐയുടെ വ്യാജ ശാഖ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയത്. 10 ദിവസം മുമ്പ് തുറന്ന ശാഖയില്‍ ഒരു യഥാര്‍ത്ഥ ബാങ്കിന്റേതായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. പുതിയ ഫര്‍ണിച്ചറുകള്‍, പ്രൊഫഷണല്‍ പേപ്പറുകള്‍, ബാങ്ക് കൗണ്ടറുകള്‍ തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ നിയമാനുസൃത ജോലിയെന്ന് വിശ്വസിപ്പിച്ച് ആറ് വ്യക്തികളെ റിക്രൂട്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പിനെക്കുറിച്ച് അറിയാതെ ഗ്രാമവാസികള്‍ അക്കൗണ്ട് തുറക്കാനും ഇടപാടുകള്‍ നടത്താനും ‘ബാങ്ക്’ സന്ദര്‍ശിക്കാന്‍ തുടങ്ങി. പുതുതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാരും ബാങ്കില്‍ ജോലി ഉറപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു.

അടുത്തുള്ള ബ്രാഞ്ചിലെ മാനേജര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഉന്നത പൊലീസും എസ്ബിഐ ഉദ്യോഗസ്ഥരും ബാങ്കില്‍ അന്വേഷണത്തിന് എത്തുന്നത് വരെ എല്ലാം സാധാരണ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ‘ബ്രാഞ്ച്’ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്ന കാര്യം തിരിച്ചറിഞ്ഞത്. നിയമനം എന്ന പേരില്‍ കൈമാറിയ രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തി.വ്യാജ എസ്ബിഐ ശാഖയുടെ മാനേജരായി വേഷമിട്ട പങ്കജ് അടക്കം നാലുപേരാണ് തട്ടിപ്പിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.