കോഴിക്കോട് :വിവിധ ഭാഷകളിലുള്ള ഗാനാലാപനത്തിലൂടെ ലോക പ്രസിദ്ധയായ ഗിന്നസ് റിക്കാർഡ് ജേതാവ് സുചേത സതീഷ് എന്ന പതിനെട്ട്കാരി വയനാട് ദുരന്തബാധിതർക്ക് ധനസഹായ സമാഹരണത്തിനായി ആഗസ്ത് 12 തിങ്കളാഴ്ച കോഴിക്കോട് ടൗൺഹാളിൽ ഗാനമേള അവതരിപ്പിക്കുന്നു. 140 ഭാഷകളിൽ 9 മണിക്കൂറിലധികം ഗാനങ്ങൾ ആലപിച്ചാണ് സുചേതയെന്ന വിദ്യാർത്ഥിനി ഗിന്നസ് റിക്കാർഡ് നേടയത്. ദുബായിൽ ബിരുദ വിദ്യാർത്ഥിയായ മലയാളി വിദ്യാർത്ഥിയുടെ കുടുംബം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് . കേരള ഗവ. ഏർപ്പെടുത്തിയ ഉജ്വല ബാല്യം അവാർഡ് സുചേതക്ക് ലഭിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽത്തന്നെ ബഹുഭാഷാഗാനങ്ങൾ ആലപിച്ചാണ് സുചേത സംഗീത രംഗത്ത് ശ്രദ്ധേയയായത്.കോഴിക്കോട് സുചേതയുടെ ആദ്യ പരിപാടിയാണ് 12 ന് വൈകിട്ട് 6.30 ന് ടൗൺഹാളിൽ നടക്കുന്നത്. അജയ് ഗോപാൽ ,സുശാന്ത് കെ.പി. എന്നിവർ ഗാനാലാപന വേളയിൽ സുചേതക്കൊപ്പമുണ്ടാവും. കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് ഗാനമേളയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഗാനമേളയിൽ പ്രവേശനം സൗജന്യമാണ്.മുമ്പും തൻ്റെ കലാപരമായ മികവ് ഉപയോഗപ്പെടുത്തി പ്രകൃതിക്ഷോഭ ദുരന്തങ്ങളിൽ സഹായ ഹസ്തവുമായി സുചേത യെത്തിയിട്ടുണ്ട്.