ഈ വേനലവധിക്കാലത്ത് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് മൂന്നാർ. കൊടുംചൂടിലും നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്. പകൽ നല്ല ചൂടാണെങ്കിലും രാത്രി സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. പ്രശസ്തമായ മൂന്നാർ പുഷ്പമേള കൂടെ ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം വർധിക്കും. മൂന്നാറിന്റെ തനത് പൂക്കളും വിദേശ പൂക്കളും കാണാം. പൂക്കളുടെ വർണക്കാഴ്ച ഒരുക്കുന്ന മൂന്നാർ പുഷ്പമേള ബുധനാഴ്ച തുടങ്ങും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണിത്. വിദേശ പുഷ്പങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ഇനങ്ങളിൽപെട്ട പൂക്കളും ചെടികളുമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്. വൈകീട്ട് 6.30 മുതൽ 9.30 വരെ കലാപരിപാടികൾ നടക്കും. മ്യൂസിക്കൽ ഫൗണ്ടൻ, ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, സെൽഫി പോയിന്റ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഫീസ്. 12-ന് സമാപിക്കും.