പാനൂർ: വടകര ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി. ആർ പ്രഫുൽ കൃഷ്ണൻ നയിച്ച റോഡ് ഷോ പാനൂരിൽ ആവേശമായി മാറി. നൂറു കണക്കിന് യുവാക്കളും സ്ത്രീകളും റോഡ് ഷോയിൽ അണിനിരന്നു. റോഡിന് ഇരു വശത്തും നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. വള്ളങ്ങാട് ഗുരുസന്നിധി പരിസരത്തുനിന്നാരംഭിച്ച റോഡ് ഷോ പാനൂർ ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. ധീര ബലിദാനികളുടെ നാടായ പാനൂരിൽ എത്തിച്ചേർന്ന പ്രഫുൽ കൃഷ്ണന് ഉജ്ജ്വല വരവേൽപ്പ് നൽകി. റോഡിന്റെ ഇരുവശത്തും തിങ്ങിനിറഞ്ഞു കൈ വീശി അനുഗ്രഹിച്ച നാട്ടുകാരെ പ്രഫുൽകൃഷ്ണൻ പ്രത്യഭിവാദ്യം ചെയ്തു. താളമേളങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യം വിളികളുടെ ആവേശത്തിൽ ആണ് റോഡ് ഷോ നീങ്ങിയത്. നരേന്ദ്രമോദിയുടെയും സ്ഥാനാർത്ഥിയുടെയും പ്ലേ കാർഡുകളും വർണ്ണ ബലൂണുകളും പാർട്ടി പതാകകളുമായി നിരവധി സ്ത്രീകൾ ആവേശം കൊള്ളിച്ചു റോഡ് ഷോയിൽ അണിനിരന്നു. പാനൂർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ദേശീയ ജനാധിപത്യ സഖ്യം കൂത്തുപറമ്പ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.