പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മുണ്ടോളി താഴെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പന്ന്യന്നൂർ പഞ്ചായത്തിലെ 2,3 വാർഡുകളിലെ എഴുപതോളം വീട്ടുകാർക്ക്കുടിവെള്ള മെത്തിക്കുന്ന പദ്ധതിയാണിത്. ഔപചാരിക ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ. ശൈലജ നിർവഹിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം വേനൽ കടുക്കാൻ തുടങ്ങിയതോടെയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുണ്ടോളി താഴെ കുടിവെള്ള പദ്ധതിക്ക് 2022 ൽ തുടക്കം കുറിച്ചത്. കൂറ്റൻ ടാങ്കും, കിണറും, പമ്പിംഗ് സ്റ്റേഷനുമെല്ലാം പണിതു. 18,00,000 രൂപയാണ് കുടിവെള്ള പദ്ധതിക്കായി നീക്കിവച്ചത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ ഇടപെടലിനെ തുടർന്ന് രണ്ടിടത്തായി സ്ഥലങ്ങൾ കണ്ടെത്തിയത്. ചന്ത്രോത്ത് രവീന്ദ്രൻ പിതാവിൻ്റെ സ്മരണക്കായി സൗജന്യമായി ചമ്പാട് മൂർത്ത കാട്ടിൽ നൽകിയ ഒരു സെൻ്റ് സ്ഥലത്ത് ടാങ്കും, മനയത്ത് സിഎം മുസ്തഫ സൗജന്യമായി നൽകിയ ഒന്നര സെൻ്റ് സ്ഥലത്ത് കിണറും, പമ്പ് ഹൗസും പണിയുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിണർ നിർമ്മിച്ചത്. 2,3 വാർഡുകളിലെ 70 ഓളം വീട്ടുകാർക്ക് ഗുണം ലഭിക്കും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ നിർവഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, റഹീം ചമ്പാട്, ഇ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ ടി.എം അജിത്തിനെയും, സൗജന്യമായി സ്ഥലം സംഭാവന ചെയ്ത ചന്ത്രോത്ത് രവീന്ദ്രൻ, മനയത്ത് സി.എം മുസ്തഫ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് സ്വാഗതവും, പ്ലാൻ അസി. കോർഡിനേറ്റർ എ.ഗിരാജ് നന്ദിയും പറഞ്ഞു.