Latest News From Kannur

പുതുച്ചേരി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും : ജി രാമകൃഷ്ണൻ

0

പുതുച്ചേരി: സംസ്ഥാനത്ത്‌ റേഷൻ സംവിധാനം പുന:സ്ഥാപിച്ചിലെങ്കിൽ പുതുച്ചേരി സെക്രട്ടറിയറ്റിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്തുമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ പറഞ്ഞു. സിപിഐ എം നേതൃത്വത്തിൽ നടത്തിയ പുതുച്ചേരി സെക്രട്ടറിയറ്റ്‌മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കേന്ദ്രമന്ത്രി നിർമലസീതാരാമൻ പറഞ്ഞത്‌ റേഷൻ കടകൾ തുറക്കുമെന്നാണ്‌ .അധികാരത്തിൽ വന്നപ്പോൾ വാഗ്‌ദാനം മറക്കുകയാണെന്നും ജി രാമകൃഷ്‌ണൻ പറഞ്ഞു. ബഹുജനമാർച്ച്‌ പുതുച്ചേരി ബാലാജി തിയേറ്ററിനടുത്ത പെരിയാർ പ്രതിമക്ക്‌ സമീപത്തുനിന്നാണ്‌ ആരംഭിച്ചത്‌. നെഹ്‌റുസ്‌ട്രീറ്റ്‌ വഴിയുള്ള മാർച്ച്‌ അസംബ്ലിക്കടുത്ത മാതാപള്ളിക്ക്‌ സമീപം പൊലീസ്‌ തടഞ്ഞു. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സുധാ സുന്ദരാമൻ, ആർ രാജാങ്കം, കാരായി രാജൻ, ടി മുരുകൻ, തമീം അൻസാരി, സി കെ രമേശൻ, വി ജനാർദനൻ, കെ പി സുനിൽകുമാർ, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി എൻ രങ്കസ്വാമിക്ക്‌ നേതാക്കൾ നിവേദനം നൽകി. വൈദ്യുതി വകുപ്പ്സ്വകാര്യ വൽകരിക്കാനും പ്രീ പെയ്ഡ് മീറ്റർ സ്ഥാപിക്കാനുമുള്ള തീരുമാനം പിൻവലിക്കുക, റേഷൻ സംവിധാനം പുതുച്ചേരി സംസ്ഥാനത്ത് പുന:സ്ഥാപിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികയിലും നിയമനം നടത്തുക, വിരമിച്ചവരെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കുക, മാഹിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, മാഹി ഫിഷിങ്ങ് ഹാർബർ നിർമ്മാണം ഉടൻ പൂർത്തികരിക്കുക, സംസ്ഥാനത്ത്‌ മുനിസിപ്പാൽ–-പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക എന്നി മുദ്രാവാക്യമുയർത്തിയായിരുന്നു സെക്രട്ടറിയറ്റ്‌മാർച്ച്‌. കനത്തമഴയെ വകവെക്കാതെ നൂറ്‌ കണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു. മന്ത്രിയുടെ കസേരയിൽ അദാനി ഇരിക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്–-എം വി ജയരാജൻ
പുതുച്ചേരി വൈദ്യുതിവകുപ്പ്‌ സ്വകാര്യവത്‌കരിച്ചാൽ വൈദ്യുതി മന്ത്രി നമ:ശിവായത്തിന്റെ സീറ്റിൽ ഗൗതംഅദാനി കയറി ഇരിക്കുന്ന സ്ഥിതിവരുമെന്ന്‌ സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വൈദ്യുതിവകുപ്പിന്റെ കൈയിലുള്ള 25,000 കോടിരൂപയുടെ ആസ്‌തിയാണ്‌ സ്വകാര്യവത്‌കരണത്തിന്റെ മറവിൽ കോർപ്പറേറ്റുകൾക്ക്‌ കൈമാറുന്നത്‌. എന്തുവിലകൊടുത്തും വൈദ്യുതി സ്വകാര്യവത്‌കരണ നീക്കത്തെ സിപിഐ എം ചെറുക്കും. കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 32,867 നിയമനങ്ങൾ നടത്തി എൽഡിഎഫ്‌ സർക്കാർ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്‌. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ആറ്‌മാസത്തിനിടെ 15,000 തസ്‌തികയിൽ മാത്രമാണ്‌ നിയമനം നടത്തിയത്‌. ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി എൻ രങ്കസ്വാമിയോട്‌ ചോദിച്ചപ്പോൾ യൂനിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷനാണ്‌ സ്ഥിര നിയമനം നടത്തേണ്ടതെന്നാണ്‌ പറയുന്നത്‌. യുപിഎസ്‌സി നിയമനത്തിന്‌ നടപടിയെടുക്കുന്നില്ലെങ്കിൽ കേരള പിഎസ്‌സിയുടെ സഹായം തേടാൻ പുതുച്ചേരി സർക്കാർ തയാറുണ്ടോ. പുതുച്ചേരി മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയാൽ മയ്യഴി നിവാസികളിൽ നിന്ന്‌ അപേക്ഷ സ്വീകരിച്ച്‌ റാങ്ക്‌ ലിസ്‌റ്റ്‌ തയാറാക്കി നൽകാൻ സന്നദ്ധമാവുമെന്ന്‌ എം വി ജയരാജൻ പറഞ്ഞു.ഹാർബർനിർമാണംപുനരാരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പുതുച്ചേരി നിർമാണം നിലച്ച മാഹി ഫിഷിങ്ങ്‌ ഹാർബറിന്റെയും ജനറൽ ആശുപത്രിയിലെ ട്രോമകെയർ കെട്ടിടത്തിന്റെയും നിർമാണം പുനരാരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി എൻ രങ്കസ്വാമി സിപിഐ എം നേതാക്കൾക്ക്‌ ഉറപ്പു നൽകി. സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തിയ സിപിഐ എം പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. വിരമിച്ച അധ്യാപകരെ സ്‌കൂളുകളിൽ നിയമിക്കില്ല. യുപിഎസ്‌സി റിക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌വരെ തൊഴിൽ രഹിതരിൽ നിന്ന്‌ അപേക്ഷ സ്വീകരിച്ച്‌ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. മാഹിയിലെ ആശുപത്രികളിൽ നഴ്‌സുമാരെ ദിവസങ്ങൾക്കകം നിയമിക്കും. കേന്ദ്രനയത്തിന്റെ ഭാഗമായാണ്‌ റേഷന്‌ പകരം തുക നൽകാൻ തീരുമാനിച്ചത്‌. കുടിശിക തുക വേഗത്തിൽ നൽകാൻ നടപടിയെടുക്കുമെന്നും കൂടിക്കാഴ്‌ചയിൽ സിപിഐ എം നേതാക്കൾക്ക്‌ ഉറപ്പു നൽകി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, കണ്ണൂർ ജില്ലസെക്രട്ടറി എം വി ജയരാജൻ, ജില്ല സെക്രട്ടറിയറ്റംഗം കാരായിരാജൻ, പുതുച്ചേരി സംസ്ഥാന സെക്രട്ടറി ആർ രാജാങ്കം, വി ജനാർദനൻ, കെ പി സുനിൽകുമാർ, ടി സുരേന്ദ്രൻ, വി ജയബാലു എന്നിവരും വിവിധ വകുപ്പ്‌ മേധാധികളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.