കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് വൻകിട മാലിന്യ ഉത്പാദക സ്ഥാപനങ്ങളിൽ ( ബൾക്ക് വേസ്റ്റ് ജനറേറ്റർസ്) പരിശോധന നടത്തി. പ്രതിദിനം 100 കിലോ മാലിന്യങ്ങൾ ഉത്പാദിപിക്കുന്ന 4500 മീറ്റർ സ്‌ക്വയർ വിസ്തീർണമുള്ള സ്ഥാപനങ്ങളെയാണ് വൻകിട സ്ഥാപനങ്ങളായി കണക്കാക്കുന്നത്.കോഴിക്കോട് പരിധിയിലുള്ള പതിമൂന്ന് വൻകിട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഹരിതച്ചട്ടം പാലിക്കുന്നതിനും, ഇതിനായി നിബന്ധനകൾ അടങ്ങിയ അപേക്ഷ ഫോറം സൂക്ഷിക്കുന്നതിനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച് സാങ്കേതിക തകരാറുള്ള സ്ഥാപനങ്ങൾക്ക് പരിഹരിക്കാൻ 7 ദിവസം സമയം നൽകി നോട്ടീസ് നൽകി. മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്( STP) കൃത്യമായി പരിപാലിക്കാത്ത സ്ഥാപനങ്ങൾക്കും 7 ദിവസത്തെ സമയപരിധി നിശ്ചയിച്ച് നോട്ടീസ് നൽകി. സമയപരിധിക്കുള്ളിൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്. സൈലം സെൻട്രൽ കിച്ചണിൽ നിന്നും 40കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നമായ ക്യാരിബാഗ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു പതിനായിരം രൂപ പിഴ ചുമത്തി . ജൈവമാലിന്യം കൈകാര്യം ചെയ്യുന്നതിൽ അശാസ്ത്രീയത ഉള്ള സ്ഥാപങ്ങൾക്ക് അത് പരിഹരിക്കാനുള്ള നിർദേശം നൽകി. അജൈവമാലിന്യം ഹരിതകർമ്മ സേനക്ക് നല്കാത്ത സ്ഥാപനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടറുടെ തുടർ പരിശോധനയിലൂടെ നടപടി സ്വീകരിക്കുന്നതാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രം 640 വൻകിട മാലിന്യ ഉത്പാദന സ്ഥാപനങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ 220 സ്ഥാപനങ്ങളിലും മാലിന്യ നിർമാർജനം സർക്കാർ നിശ്ചയിച്ച രീതിയിൽ നടത്തുന്നില്ല എന്ന പരാതിയെ തുടർന്നാണ് ജില്ലാ സ്‌ക്വാഡ് പരിശോധന നടത്തിയത്. പരിശോധന സംബന്ധിച്ചു വിശദമായ റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പിന് നൽകുന്നതാണ്. പരിശോധനക്ക് ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, കോർപറേഷൻ ഹെൽത്ത് സൂപ്പർ വൈസർ കെ. പ്രമോദ്, ജൂനിയർ സുപ്രണ്ട് എ അനിൽ കുമാർ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. എസ് ഡേയ്സൺ ,കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് സുജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ അസീസ്,
ശുചിത്വ മിഷൻ ഇന്റേൺ എൻ ഇ പ്രണീത എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.