ജവഹർ നവോദയ വിദ്യാലയത്തിൽ വിജ്ഞാൻ ജ്യോതി കോൺക്ലേവും ത്രിദിന സ്പെയ്സ് എക്സിബിഷനും നവംബർ 18 മുതൽ 20 വരെ
മാഹി : ജവഹർ നവോദയ വിദ്യാലയത്തിൽ വിജ്ഞാൻ ജ്യോതി കോൺക്ലേവും
ത്രിദിന സ്പെയ്സ് എക്സിബിഷനും നവംബർ 18 മുതൽ 20 വരെ നടക്കുമെന്ന് നവോദയ പ്രിൻസിപ്പാൾ ഡോ: കെ.ഒ. രത്നാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ വിവിധ സയൻസ് ടെക്‌നോളജി എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിൽ പെൺകുട്ടിളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്ര സങ്കേതിക വകുപ്പ് വിജ്ഞാൻ ജ്യോതി സംഘടിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയാണ് ഇന്ത്യയിൽ വിജ്ഞാൻ ജ്യോതി നടപ്പാക്കുന്നത്. ജെ.എൻ.വികൾ, കെ.വി.എസ്, ഗവ. സ്കൂളുകൾ, ചെറുനഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും സൈനിക സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് വിജ്ഞാൻ ജ്യോതി വിജ്ഞാന കേന്ദ്രങ്ങളായി ജെ.എൻ.വികൾ പ്രവർത്തിക്കുന്നത്.
നവംബർ 18 മുതൽ 20 വരെ നടക്കുന്ന ത്രിദിന വിജ്ഞാന് ജ്യോതി കോൺക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 10 മണിക്ക് എം.മുകുന്ദൻ നിർവ്വഹിക്കും. വൈകുന്നേരം 4.30 ന് സ്കൂൾ വർഷികാഘോഷം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നടക്കുന്ന സ്പെയ്സ് എക്സിബിഷനിൽ
നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് മേഖലയിലെ 49 ഓളം വിജ്ഞാനജ്യോതി വിജ്ഞാന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളും. കേരളം, കർണാടക, എ.പി, തെലുങ്കാന, കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ജവഹർ നവോദയ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് മാഹിയിലെത്തുക. ശാസ്ത്രജ്ഞരുമായുള്ള സംവേദനാത്മക സെഷനുകൾ, അവരുടെ പ്രവർത്തനങ്ങളും പരിപാടികളും പ്രദർശിപ്പിക്കുക, ശാസ്ത്ര മത്സരങ്ങൾ നടത്തുക, ബഹിരാകാശ പ്രദർശനത്തിൽ പങ്കെടുക്കുക തുടങ്ങിയവയ്ക്കുള്ള വേദിയാണ് കോൺക്ലേവ്. മാഹി മേഖലയിലെയും കേരളത്തിലെ സമീപ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കും. നവോദയ വിദ്യാലയ സമിതി കമ്മീഷണർ, ഹൈദരാബാദ് മേഖല ഡെപ്യൂട്ടി കമ്മീഷണർ, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. സമാപനദിവസമായ 20 ന് പൊതുജനങ്ങൾക്കും എക്സിബിഷനിൽ സന്ദർശിക്കാവുന്നതാണെന്ന് ഡോ: കെ.സജീവൻ, കെ.പി.ജിതിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.