Latest News From Kannur

നവകേരള സദസ്സ്: പരാതി സ്വീകരിക്കാന്‍ പ്രത്യേകത കൗണ്ടറുകള്‍

0

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പും പരിപാടികള്‍ കഴിഞ്ഞതിനു ശേഷവുമായിട്ടായിരിക്കും കൗണ്ടറുകളില്‍ പരാതി സ്വീകരിക്കുക. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സ്ഥാപിക്കും. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷമെ കൗണ്ടറുകള്‍ അവസാനിപ്പിക്കു. പരാതികള്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരുമുണ്ടാകും. പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും, മൊബൈല്‍ നമ്പറും ഇ മെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം. പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും. നവകേരള സദസ്സ് നടക്കുമ്പോള്‍ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കും.

ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പരാതികള്‍ തുടര്‍നടപടിക്കായി പോര്‍ട്ടലിലൂടെ നല്‍കണം.പരാതികള്‍ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കുള്ളില്‍ ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാലാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. അത്തരം സാഹചര്യങ്ങളില്‍ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാന തലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളിലും പരിഹരിക്കണം. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും. നവംബര്‍ 20, 21, 22 തിയ്യതികളിലാണ് ജില്ലയില്‍ നവകേരളസദസ്സ് നടക്കുന്നത്.

Leave A Reply

Your email address will not be published.