ന്യൂമാഹി: ദുബായ് കറാമയിൽ പാചകവാതകം ചോർന്ന് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച തലശ്ശേരി പുന്നോൽ കുറിച്ചിയിലെ നിട്ടൂർ വീട്ടിൽ നിതിൻ ദാസിൻ്റെ (ഉണ്ണി – 24) മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കരിക്കും. പുലർച്ചെ 3.12 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം 7.30 ഓടെ ന്യൂമാഹിയിൽ എത്തിച്ച് 9ന് വീട്ടുവളപ്പിൽ സംസ്കരിക്കും. വീടിന് സമീപമുള്ള സ്ഥലത്ത് 8.30 വരെ പൊതുദർശനത്തിന് വെക്കും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ദുബായ് കറാമ ഡേ ടു ഡേ ഷോപ്പിങ്ങ് മാളിന് സമീപം ബിൽ ഹൈദർ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ അപകടമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് നിതിൻ ദുബായിലെ റാഷിദ് ആശുപത്രിയിൽ മരിച്ചത്.
നിതിൻ്റെ സുഹൃത്തുക്കളും അപകടം നടന്ന ഫ്ലാറ്റിലെ താമസക്കാരുമായ ഗുരുതരമായി പൊള്ളലേറ്റ പുന്നോലിലെ ഷാനിൽ (26), നഹീൽ (26) എന്നിവർ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ നിതിൻ ദാസും മലപ്പുറം സ്വദേശി യാക്കൂബുമാണ് മരിച്ചത്. ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.