Latest News From Kannur

ഗാന്ധിജി സമാധാനത്തിന്റെ പാത തുറന്നു തന്ന മഹാത്മാവ് പയ്യന്നൂർ വിനീത് കുമാർ

0

കണ്ണൂർ : സമാധാനത്തിന്റെയും അഹിംസയുടെയും പാത തുറന്നു തന്ന മഹാത്മാവായിരുന്നു മഹാത്മജിയെന്ന് യുവ കവിയും നിരൂപകനുമായ പയ്യന്നൂർ വിനീത് കുമാർ പ്രസ്താവിച്ചു.
കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ഗാന്ധി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത പ്രവർത്തനങ്ങളായിരുന്നു ഗാന്ധിജിയുടേത്. ഗീത അദ്ദേഹത്തിന് സേവനത്തിലേക്കുള്ള വഴിയായിരുന്നു. ഇന്ന് സമൂഹത്തിൽ വയലൻസ് നടമാടുന്നു. അവിടെയാണ് ഗാന്ധിസത്തിന്റെ പ്രസക്തി. നന്മയെ വാഴ്ത്താനും നന്മ പ്രചരിപ്പിക്കാനും നാം ഗാന്ധിജിയിലേക്ക് തിരിച്ചു പോകണം – റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദി പ്രവർത്തകനും മുൻ സംസ്ഥാന സെക്രട്ടറിയുമായ വിനീത് കുമാർ തുടർന്നു.
യുക്തി കൺവീനർ വി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ഗാന്ധിജി വലിയ പാഠപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ലക്കം ഗാന്ധി പതിപ്പായി പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്നാനം എന്ന ഗാന്ധിജി വിഷയമായി വന്ന കഥ അല്പം മുമ്പ് വായിച്ചാണ് താൻ ഈ പരിപാടിക്കെത്തിയതെന്ന് തുടർന്ന് സംസാരിച്ച കഥാകൃത്ത് മുയ്യം രാജൻ പറഞ്ഞു. എല്ലാവരും വായിച്ചിരിക്കേണ്ട കഥയാണത്. ബിഹാറിൽ ജോലി ചെയ്തിരുന്ന കാലത്ത് ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമം സന്ദർശിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
ഗ്രാമസ്വരാജാണ് ഗാന്ധിജി വിഭാവനം ചെയ്തതെന്ന് പരിസ്ഥിതി പ്രവർത്തകനും കവിയുമായ ഭാർഗവൻ പറശ്ശിനിക്കടവ് പറഞ്ഞു. ഇന്ന് എല്ലാവരും നഗരവൽകൃത മനുഷ്യരായി മാറുന്നു. അഹിംസ എന്ന പ്രത്യയ ശാസ്ത്രത്തിലൂടെയാണ് ഗാന്ധിജി മുന്നേറിയത് – അദ്ദേഹം തുടർന്നു.
സ്ത്രീകൾക്ക് തുല്യപരിഗണന നൽകണമെന്ന് വാദിച്ച ഗാന്ധിജിയുടെ സ്വപ്നം ഇപ്പോൾ വനിതാ ബില്ലിലൂടെ സാക്ഷാൽക്കരിക്കപ്പെടുകയാണെന്ന് തുടർന്ന് സംസാരിച്ച തളിപ്പറമ്പ് സെപ്യൂട്ടി തഹസിൽദാർ പി.വി. ഷെറിൽ ബാബു അഭിപ്രായപ്പെട്ടു. എന്നാൽ, അത് പ്രാവർത്തികമാവുമോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എം.കരുണാകരൻ, പി. ഹരിശങ്കർ എന്നിവരും സംസാരിച്ചു. കെ.സുനിൽ സ്വാഗതവും മധു കടമ്പേരി നന്ദിയും പറഞ്ഞു.
ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. സംഗീതാസ്വാദകൻ ടി.പി. മോഹനൻ സമ്മാനവിതരണത്തിന് തുടക്കമിട്ടു. അതിഥികളും സമ്മാനദാനത്തിൽ പങ്കാളികളായി.
പൂക്കളമത്സര ജേതാക്കൾക്ക് ക്യാഷ് സമ്മാനങ്ങളാണ് നൽകിയത്. പി.രാഹുൽ, എം.പി. അനൂപ്, യു.കെ. ഹരിപ്രസാദ്, അനീഷ് , അംബരീഷ് എന്നീ യുക്തി അംഗങ്ങൾ തുക സ്പോൺസർ ചെയ്ത് സഹകരിച്ചു. അവർക്ക് നന്ദി…
യുക്തി അങ്കണത്തിൽ മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അതിഥികൾക്കൊപ്പം വി. ഭാസ്കരൻ, പി.എൻ. നമ്പ്യാർ, കെ.സുനിൽ, വി.വി. നാരായണൻ, സി. വത്സൻ, പ്രേമരാജൻ രയരോത്തിടം, ടി.പി. രാധാകൃഷ്ണൻ, സന്ദീപ്, രമേശൻ തുടങ്ങിയവരും ബാലവേദി കൂട്ടുകാരും നേതൃത്വം നൽകി.
പുലർച്ചെ അഞ്ചര മണിക്ക് ഗാന്ധി സൂക്തങ്ങൾ ഉരുവിട്ടു കൊണ്ട് ഗ്രാമവീഥികളിലൂടെ യുക്തി അംഗങ്ങൾ പ്രഭാതഭേരിയും നടത്തി. യുക്തി മന്ദിരത്തിൽ നിന്ന് പുറപ്പെട്ട് കടമ്പേരി ചിറ, അമ്പലം, അന്തിമഹാകാളൻ കാവ്, കനാൽ റോഡ്, പി.ബാലകൃഷ്ണൻ നായർ റോഡ് എന്നിവയിലൂടെ സി.ആർ.സി., കടമ്പേരി ക്കവല, മുതിരക്കാൽ വഴി എം.കെ. അബൂബക്കർ റോഡ്‌വഴി യുക്തി മന്ദിരത്തിൽ സമാപിച്ചു. കെ.സുനിൽ , വി.വി. നാരായണൻ, മധു കടമ്പേരി, വത്സൻ സി. കടമ്പേരി , പ്രഭാകരൻ മഞ്ഞേരി, എൻ.സി. അബൂബക്കർ, ടി.പി. ലക്ഷ്മണൻ , ടി. അശോകൻ, അനുഷ് രാജീവൻ, കെ. അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.