കണ്ണൂർ : കേരളം നേടിയ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധയകറ്റാൻ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ താലൂക്ക് ആശുപത്രിക്കായി കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്ന നിലയിൽ പൊതുജനാരോഗ്യ സംവിധാനമാകെ മാറി. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവ്വത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ആരും മറക്കരുത് മുഖ്യമന്ത്രി പറഞ്ഞു.
നിപയടക്കമുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തും.ഇതിനുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹായത്തോടെയാവും പഠനം. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നൽകിക്കഴിഞ്ഞു.കേരളീയ ആരോഗ്യരംഗത്തിൻ്റെ ജനകീയ സ്വഭാവം കൊണ്ടാണ് നിപയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനായത്.മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.ഇടത് പക്ഷ സർക്കാരിൻ്റെ ആരോഗ്യ നയങ്ങളാണ് കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ കേരളീയ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങൾക്ക് കാരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.ആരോഗ്യസൂചികയിൽ മുന്നിട്ട് നിൽക്കുമ്പോഴും ജീവിത ശൈലി രോഗങ്ങൾ കേരളത്തിന് വെല്ലുവിളിയാണെന്നും അവ നേരിടുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പണിസമയബന്ധിതമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ.കെ ജെ റീന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം എൽ എ സി കൃഷ്ണൻ മുഖ്യാതിഥിയായി.
ടി ഐ മധുസൂദനൻ എം എൽ എ, പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി സജിത,ടി വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം പി ജീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി കെ അനിൽകുമാർ, മുൻ എം എൽ എ മാരായ ടി വി രാജേഷ്, എം വി ജയരാജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സി കെ ജീവൻ ലാൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.