വീണ്ടും ട്വിസ്റ്റ്: ഇങ്ങനെയൊരു ജോലിയുള്ളതായി അറിയില്ല, അക്കൗണ്ടില്‍ പണവും വന്നിട്ടില്ലെന്ന് ലിജിമോള്‍; ജില്ലാ പൊലീസ് മേധാവിക്കു പരാതി
കോട്ടയം: ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്. പിരിച്ചുവിടപ്പെട്ടെന്ന് ആക്ഷേപമുയര്‍ന്ന സതിയമ്മയ്‌ക്കെതിരെയും കുടുംബശ്രീക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട്, യഥാര്‍ഥ ജോലിക്കാരിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. തനിക്ക് ഇങ്ങനെയൊരു ജോലിയുള്ളതായി അറിയില്ലെന്നും തന്റെ അക്കൗണ്ടിലേക്കു ശമ്പളം വന്നിട്ടില്ലെന്നും ലിജിമോള്‍ മാധ്യമങ്ങളോടു പറഞ്ഞു.
കുടുംബശ്രീ നല്‍കിയ കത്തു പ്രകാരം ലിജിമോളെയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി മൃഗാശുപത്രിയില്‍ നിയമിച്ചിട്ടുള്ളതെന്നും അവരുടെ അക്കൗണ്ടിലേക്കാണ് ശമ്പളം നല്‍കിയിട്ടുള്ളതെന്നുമാണ് മന്ത്രി ജെ ചിഞ്ചുറാണി ഇന്നലെ വിശദീകരിച്ചത്. എന്നാല്‍ ഇങ്ങനെയൊരു ജോലി തനിക്കുള്ളതായി ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന്, സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിനൊപ്പം മാധ്യമങ്ങളെ കണ്ട ലിജിമോള്‍ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്കു പണമൊന്നും വന്നിട്ടില്ല. ഇക്കാലയളവിലൊന്നും മൃഗാശുപത്രിയില്‍ പോയിട്ടില്ലെന്നും ലിജിമോള്‍ പറഞ്ഞു.സതിയമ്മയ്‌ക്കൊപ്പം നേരത്തെ കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറെ നാളായി അവരുമായി ബന്ധമൊന്നുമില്ല. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് തന്റെ പേരു നിര്‍ദേശിച്ച് കുടംബശ്രീ കത്തു നല്‍കിയതായി അറിയില്ല. കുടുംബശ്രീ നല്‍കിയത് തന്റെ വ്യാജ ഒപ്പിട്ട കത്താണ്. ഇക്കാര്യത്തില്‍ ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് ഓഫിസര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ലിജിമോള്‍ പരാതി നല്‍കി.