പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽദാനം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സൈനുൽ ആബിദീൻ നിർവ്വഹിച്ചു. സ്വാമി ആത്മബോധ തപസ്വി ദീപ ജ്വലനവും നടത്തി.
പ്രിൻസിപ്പാൾ കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ പി.രാഘവൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
എച്ച്.എം ,സി.പി സുധീന്ദ്രൻ, കെട്ടിട നിർമ്മാണ കമ്മറ്റി കൺവീനറും മുൻ പ്രോഗ്രാം ഓഫീസറുമായ സജീവ് ഒതയോത്ത്, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ ബി. കൈലാസ്, കെ.വിജിത്ത്, തങ്കച്ചൻ, പ്രോഗ്രാം ഓഫീസർ കെ പി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. സ്വന്തമായി വീടില്ലാത്ത വളള്യായിലെ എടത്തും താഴെ സരോജിനിയുടെ കുടുംബത്തിനാണ് അറന്നൂറ് സ്ക്വയർ ഫീറ്റ് ഉള്ള വീട് നിർമ്മിച്ചു നൽകിയിരിക്കുന്നത്. രണ്ട് വർഷത്തോളമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ വീടുകൾ കയറി സംഘടിപ്പിച്ച പേപ്പർ ചലഞ്ചിലൂടെയാണ് പ്രധാനമായും പണം സ്വരൂപിച്ചത്.നിർമ്മാണത്തിന് ഏഴു ലക്ഷം രൂപയോളം ചിലവായി.