പാനൂർ : കടവത്തൂർ പി.കെ.എം. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കെ.പി.മുഹമ്മദ് റമീസിനെ സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ച സംഭവത്തിൽ നിയമാനുസൃതവും മാതൃകാപരവുമായ നടപടികൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ച് രക്ഷിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കും. കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചുവെങ്കിലും ആവശ്യമായ തുടർന്നടപടികൾ ഉണ്ടായില്ലെന്നാണ് രക്ഷിതാവ് പരാതിപ്പെടുന്നത്. വിദ്യാർത്ഥിയെ റാഗിങ്ങിന്റെ ഭാഗമായി മർദ്ദിച്ചതിൽ റാഗിങ്ങ് നിരോധന നിയമ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടതാണ്. റാഗിങ്ങ് നടന്നുവെന്നും ക്രൂരമായി മർദ്ദനമേറ്റ് പരിക്ക് ഏറ്റുവെന്ന് പരാതിപ്പെട്ടിട്ടും കുട്ടികൾ തമ്മിലുള്ള അടിപിടിയെന്ന നിലയിൽ അക്രമത്തെ ലഘൂകരിച്ച് അക്രം നടത്തിയിവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു. അക്രമത്തിന്റെ ഭാഗമായി തലക്ക് പരിക്കേറ്റ റമീസ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു. പന്ത്രണ്ടോളം പേരടങ്ങിയ സംഘമാണ് വിദ്യാർത്ഥിയെ അക്രമിച്ചത്. വെള്ള ഷൂസ് ധരിച്ചെത്തിയന്നതിനാണ് മർദ്ദിച്ചതത്രെ.കഴിഞ്ഞ മാസം 26 ന് നടന്ന സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണ നടപടികൾ തൃപ്തികരമല്ലാത്തതിനാലാണ് നീതിക്കായി മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കുന്നതെന്ന് രക്ഷിതാവ് കെ.കെ. സമീർ , മകനും ആക്രമിക്കപ്പെട്ട വിദ്യാർത്ഥിയുമായ കെ.പി.മുഹമ്മദ് റമീസ്, സി.കെ.ഷംസുദ്ദീൻ എന്നിവർ അറിയിച്ചു.