Latest News From Kannur

കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണം; സര്‍ക്കാരിനോട് ഹൈക്കോടതി

0

കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ വനിതാ ശിശുവികസന സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റീസ് എ ജെ ദേശായിയും ഡസ്റ്റിസ് വി ജി അരുണും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. കുട്ടികള്‍ തീ ചാമുണ്ഡി തെയ്യം കെട്ടുന്നത് തടയണം എന്നാവശ്യപ്പെട്ട സന്നദ്ധ സംഘടനയായ ദിശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.ചിറയ്ക്കല്‍ പെരുങ്കളിയാട്ടതിന്റെ ഭാഗമായി നടത്തുന്ന ഒറ്റക്കോലം തെയ്യത്തില്‍ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലില്‍ എടുത്തെറിയാറുണ്ട് എന്ന് ദിശ കോടതിയില്‍ പറഞ്ഞു.

കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. തീ ചാമുണ്ഡി തെയ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു ഉപജാതിക്കാര്‍ മാത്രമാണ് ഇത് അനുഷ്ടിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

തീ ചാമുണ്ഡി തെയ്യം അനുഷ്ടിക്കുമ്പോള്‍ കുട്ടികളുടെ ബന്ധുക്കള്‍ സമീപത്തുണ്ടാകുമെന്നും കുട്ടികള്‍ക്ക് പരിക്കേല്‍ക്കുമെന്ന് കരുതുന്നില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വനിതാ ശിശുവികസന സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. അടുത്ത ഹിയറിങിന് മുന്‍പായി സംസ്ഥാനം കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ചിറയ്ക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാക്ലാസ് വിദ്യാര്‍ത്ഥിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിന്റെ വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തിരുന്നു.

Leave A Reply

Your email address will not be published.