സിദ്ദിഖ്- ലാൽ, ഇതിലും വലിയ ഹിറ്റ് ജോഡികൾ മലയാള സിനിമയിലുണ്ടോ എന്ന് സംശയമാണ്. ഇരുവരും ഒന്നിച്ചാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഫാസിലിന്റെ സഹസംവിധായകരായി തുടക്കമിട്ട ഇവർ സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധായകരായി അരങ്ങേറ്റം കുറിച്ചു. നിരവധി സൂപ്പർഹിറ്റുകളാണ് ഇരുവരും ചേർന്ന് സമ്മാനിച്ചത്. വർഷങ്ങൾക്കു ശേഷം ഇരുവരും വേർപിരിഞ്ഞെങ്കിലും ആ സൗഹൃദത്തിന് മാറ്റമുണ്ടായില്ല. ഇപ്പോൾ ലാലിനെ തനിച്ചാക്കി സിദ്ദിഖ് വിടപറഞ്ഞിരിക്കുകയാണ്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സിദ്ദിഖിനെ കൊണ്ടുവന്നപ്പോൾ ലാൽ ഒപ്പമുണ്ടായിരുന്നു. തന്റെ ആത്മസുഹൃത്തിന്റെ ചലനമറ്റ ദേഹത്തിനരികിലായി തകർന്ന മനസുമായി ഇരിക്കുന്ന ലാലിന്റെ ദൃശ്യം വേദനയാവുകയാണ്. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതോടെ ലാൽ വികാരാധീനനായി. സങ്കടം അടക്കാനാവാതെ ലാൽ പൊട്ടിക്കരഞ്ഞു.
ലാലിനെ ചേർത്തുപിടിച്ചാണ് ഫാസിൽ ആശ്വസിപ്പിച്ചു. തൊട്ടുപിന്നാലെ എത്തിയ ഫഹദും ലാലിനെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടി. തൊട്ടുപിന്നാലെ ടൊവിനോ തോമസും ലാലിന് അരികിൽ ആശ്വാസവാക്കുകളുമായി എത്തി. മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സ്റ്റേഡിയത്തിൽ എത്തി സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും.