ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാനാണ് അനുമതിയെന്നും, ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഡ്രഡ്ജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹോളണ്ടിലെ കമ്പനിയില്‍ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതിന്റെ പല വസ്തുതകളും സര്‍ക്കാരില്‍ നിന്നു മറച്ചുവച്ചെന്ന് അപ്പീലില്‍ ആരോപിക്കുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് ആരോപിച്ച് ജേക്കബ് തോമസിനെതിരെ 2019 ല്‍ ആണ് വിജിലന്‍സ് കേസ് എടുത്തത്.പിന്നീട് ഹൈക്കോടതി ഇതു റദ്ദാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്‌മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഡ്രഡ്ജര്‍ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരില്‍ മാത്രം എടുത്ത കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത്. ടെന്‍ഡര്‍ നടപടികളില്‍ ജേക്കബ് തോമസിനു ഗുരുതരവീഴ്ച സംഭവിച്ചെന്ന് അപ്പീലില്‍ ആരോപണമുണ്ടായിരുന്നു.