Latest News From Kannur

“അമ്പതു പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം കുറഞ്ഞിട്ട് വർഷങ്ങളായി”; വിദ്യാർഥികളുടെ ബസ് കൺസഷൻ വിഷയത്തിൽ ഹൈക്കോടതി

0

കൊച്ചി: വിദ്യാർഥികളെ ബസിൽ കയറ്റാത്തതിന് മൂന്ന് സ്വകാര്യ ബസ് കണ്ടക്ടർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി ഹൈക്കോടതി. അമ്പതു പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം കുറഞ്ഞിട്ട് വർഷങ്ങളായെന്നും സർക്കാരും വിദ്യാർഥി സംഘടനകളും മാറിയ സാഹചര്യങ്ങൾ വിലയിരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു. വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിരീക്ഷണം.

കൺസഷൻ വർദ്ധിപ്പിക്കൽ സർക്കാരിന്റെ നയതീരുമാനമാണ്. അതിൽ കോടതിക്ക് നിർദ്ദേശം നൽകാനാവില്ല. കൺസഷൻ വർദ്ധനയ്ക്കായി ബസ് ഉടമകൾക്ക് സർക്കാരിനെയും ഗതാഗതവകുപ്പിനെയും സമീപിക്കാം. അതേസമയം, കൺസഷൻ നിലവിലുള്ള സാഹചര്യത്തിൽ വിദ്യാർഥികളോടു വിവേചനപരമായി പെരുമാറാൻ ബസുടമകൾക്കും ജീവനക്കാർക്കും കഴിയില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും ഒരേ പദവിയാണുള്ളതെന്നും കോടതി വ്യക്തമാക്കി.തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി സിറാജ്, കോതമംഗലം തൃക്കാരിയൂർ സ്വദേശി ജോസഫ് ജോൺ, വൈക്കം തലയാഴം സ്വദേശി വി പി ഉണ്ണിക്കൃഷ്ണൻ എന്നീ ബസ് ജീവനക്കാരുടെ ഹർജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിക്കാർക്കെതിരെ കോതമംഗലം ജുഡി. ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കുറ്റപത്രങ്ങൾ റദ്ദാക്കി. ബസിൽ കയറ്റാത്തതിനെച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഇതിനുള്ള നിർദ്ദേശങ്ങൾ കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.