ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ നരേന്ദ്രമോദി ഇതിനു തയ്യാറാകാതിരുന്നതോടെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ രാവിലെ 11 മുതല്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം സംസാരിക്കുക. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പായി ഇന്ത്യാ സഖ്യം നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മണിപ്പൂര്‍ കലാപത്തിന്റെ മുറിവുണക്കാനും നിയമവാഴ്ച പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ കടിഞ്ഞാണ്‍ സുപ്രീംകോടതി ഇന്നലെ ഏറ്റെടുത്തിരുന്നു.