Latest News From Kannur

വാഴത്തോട്ടം വെട്ടിയത് അപകടം ഒഴിവാക്കാന്‍; നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി

0

തിരുവനന്തപുരം: കോതമംഗലത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴത്തോട്ടം വെട്ടി മാറ്റിയത് അപകട സാധ്യത ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് കര്‍ഷകനു നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടുക്കി  കോതമംഗലം 220 കെ വി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ വാഴകള്‍ വെട്ടി മാറ്റിയത്. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചെന്ന് മന്ത്രി പറഞ്ഞു. 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴ നട്ടിരുന്നു എന്നും അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്നും വ്യക്തമായി.

കെ എസ് ഇ ബി ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി. വൈകുന്നേരം ഇടുക്കി  കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.