Latest News From Kannur

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് സുപ്രീം കോടതി എട്ടുമാസം കൂടി അനുവദിച്ചു.

0

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചത്.  അതേസമയം നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു, വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന സമയ പരിധി ജൂലായ് 31 ന് അവസാനിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കുടുതല്‍ സമയംവേണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. വിചാരണ പ്രോസിക്യുഷന്‍ അനന്തമായി നീട്ടി കൊണ്ട് പോകുക ആണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി സമയം വേണമെന്നായിരുന്നു വിചാരണക്കോടതിയുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നു.

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ഇതിലൊന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിന്റേതാണ്. ഇതിന് പുറമെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ചു പേരേക്കൂടി വിസ്തരിക്കേണ്ടതുണ്ട്. വിസ്താരം പൂര്‍ത്തിയാകാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം കൂടി ആവശ്യമെന്നാണ് രേഖകളില്‍നിന്ന് മനസിലാകുന്നതെന്നും വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നതായി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ദിലീപ് നിലപാടറിയിച്ചത്.

Leave A Reply

Your email address will not be published.