Latest News From Kannur

പ്രിയ വര്‍ഗീസിന് തല്‍ക്കാലം തുടരാം; യുജിസിയുടെ ഹര്‍ജിയില്‍ നോട്ടീസ്

0

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ട പ്രിയ വര്‍ഗീസിന് തല്‍ക്കാലം തുടരാമെന്ന് സുപ്രീം കോടതി. പ്രിയയുടെ യോഗ്യത ശരിവച്ച ഹൈക്കോടതി ഉത്തരവ് ശരിയാണോയെന്നു വാക്കാല്‍ സംശയം പ്രകടിപ്പിച്ച സുപ്രീം കോടതി നിയമനം അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. ഹൈക്കോടതി ഉത്തരവിനെതിരെ യുജിസി നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ആറാഴ്ചയ്ക്കകം പ്രിയ എതിര്‍ സത്യവാങ്മൂലം നല്‍കണം.

അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. ഇതിനെതിരെയാണ് യുജിസി സുപ്രീം കോടതിയെ സമീപിച്ചത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.  യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ആവശ്യപ്പെട്ടത്.പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല വാദിച്ചു.

Leave A Reply

Your email address will not be published.