അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; മേൽക്കൂരയിൽ നിന്ന് വീണ് ദാരുണാന്ത്യം
ലഖ്‌നൗ: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചെടുത്ത് ഓടുന്നതിനിടയിൽ മേൽക്കൂരയിൽ നിന്ന് വീണ് കുഞ്ഞിനു ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഉസവാൻ മേഖലയിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചുകൊണ്ട് ഓടിയത്. അസ്മ–ഹസൻ ദമ്പതികളുടെ ഇരട്ടക്കുട്ടികളിലൊരാളായ റിഹാൻ ആണ് മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപത്തു കാണാറുണ്ടായിരുന്നുവെന്നും ഇവയെ ഓടിച്ചുവിടുകയായിരുന്നു പതിവെന്നും ഹസൻ പറഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെ കാട്ടുപൂച്ച റിഹാനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മേൽക്കൂരയിലെത്തിയ പൂച്ചയുടെ വായിൽ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. കുഞ്ഞ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു.