പാനൂർ : പാനൂർ നഗരസഭ വിജയാരവം 2023 സംഘടിപ്പിച്ചു. നഗരസഭാ പരിധിയിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കും, എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കൾക്കുള്ള അനുമോദനമാണ് നടന്നത്. പൂക്കോം മുസ്ലിം എൽ പി സ്കൂളിൽ നടന്ന വിജയാരവം നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭാരതീയ യൂണിവാഴ്സ്റ്റി സിണ്ടിക്കേറ്റ് അംഗം റാഷിദ് ഗസാലി മോട്ടിവേഷൻ ക്ലാസെടുത്തു. പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ പ്രീത അശോക് അധ്യക്ഷനായി. നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ ഹനീഫ, ഉമൈസ തിരുവമ്പാടി, എൻ.എ കരീം, വാർഡ് കൗൺസിലർമാരായ എം എം രാജേഷ്, എം ടി കെ ബാബു, ആവോലം ബഷീർ, സ്വാമി ദാസൻ, എം.രത്നാകരൻ പാനൂർ ഉപജില്ലാ ഓഫീസർ ബൈജു കേളോത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി സ്വാഗതവും, കരിയാട് ഗവ.യു പി സ്കൂൾ പ്രധാനധ്യാപകൻ കെ.സുധീർ കുമാർ നന്ദിയും പറഞ്ഞു. 178 എസ്.എസ്.എൽ.സി വിദ്യാർത്ഥികളെയും, 38 പ്ലസ് ടു വിദ്യാർത്ഥികളെയും, 12 പ്ലസ് ടു തുല്യത പരീക്ഷ വിജയിച്ചവരെയുമാണ് അനുമോദിച്ചത്.