തൃശൂര്‍: ശമ്പളം ലഭിക്കാത്തതിനാല്‍ മൂന്നുദിവസം കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് കൂലിപ്പണിയെടുക്കാന്‍ അവധി ചോദിച്ച് മേലുദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയത്. ‘സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറയ്ക്കുവാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടചിലവിനുള്ള പണത്തിനായി ഈ വരുന്ന 13,14,15 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൂമ്പ പണിക്ക് പോകാന്‍ വേണ്ടി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അവധി അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു’ എന്നാണ് അജുവിന്റെ കത്ത്. കത്ത് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും വ്യക്തമാക്കി അജു രംഗത്തെത്തി.സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈമാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.