ആലപ്പുഴ : ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച പതിനഞ്ചു വയസുകാരന്‍ മരിച്ചു. പാണവള്ളി സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥി ഗുരുദത്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.പ്രൈമറി അമീബിക് മസ്തിഷ്‌ക ജ്വരം ഗുരുതരമായ രോഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2016 മുതല്‍ ഇതുവരെ രോഗം ബാധിച്ച് അഞ്ചുപേരും മരിച്ചു. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയില്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്‌ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.