Latest News From Kannur

ദുരിതപ്പെയ്ത്ത്’; രണ്ടുമരണം കൂടി, കൊച്ചി-ധനുഷ്‌കോടി പാതയില്‍ മണ്ണിടിഞ്ഞു, മൂന്നാറിലും കോഴിക്കോടും വീട് തകര്‍ന്നു.

0

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം പെയ്ത കനത്തമഴയില്‍ ദുരിതം ഒഴിയുന്നില്ല. കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് മുട്ടേല്‍ സ്രാമ്പിത്തറ ഭാനുവും വടകര ഏറാമല മീത്തലെപ്പറമ്പത്ത് വിജീഷുമാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്രാമ്പിത്തറ ഭാനു വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വിജീഷ് മൂന്ന് ദിവസം മുന്‍പാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. വലിയമങ്ങാട് ബീച്ചില്‍ തിരയില്‍പ്പെട്ട അനൂപ് സുന്ദരനായി തിരച്ചില്‍ തുടരുകയാണ്. കൊച്ചി- ധനുഷ്‌കോടി പാതയില്‍ മൂന്നാര്‍ ഗ്യാപ് റോഡിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മൂന്നാറില്‍ കനത്തമഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ന്യൂ കോളനിയിലാണ് രണ്ടു വീടുകള്‍ തകര്‍ന്നത്. ഒരു വീട് ഇടിഞ്ഞ് മറ്റൊരു വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ വീട്ടുകാരെ നേരത്തെ മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. കോഴിക്കോട് ചാത്തമംഗലം വെള്ളലശ്ശേരിയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് ലക്കിടിയില്‍ മരംവീണതിനെ തുടര്‍ന്ന് കോഴിക്കോട്- മൈസൂരു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കി പണിയുന്നതിന്റെ ഭാഗമായി റോഡിന്റെ തകര്‍ന്ന ഭാഗം പൊളിക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അപ്പര്‍ കുട്ടനാട്ടിലെ ചാത്തങ്കരിയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ അമ്മയെയും മകനും രക്ഷിച്ചു. ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇരുവരെയും അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. ഏറെനേരം വെള്ളത്തിലൂടെ സഞ്ചരിച്ചാണ് രക്ഷാപ്രവര്‍ത്തകരെത്തിയത്.

 

Leave A Reply

Your email address will not be published.