രണ്ടുദിവസം, 12 മരണം; വെസ്റ്റ് ബാങ്കില്‍ നിന്ന് പിന്‍മാറി ഇസ്രയേല്‍ സൈന്യം, ഇനിയും വരുമെന്ന് നെതന്യാഹു.
രണ്ടുദിവസം നീണ്ടുനിന്ന സൈനിക നടപടിക്ക് ശേഷം ഇസ്രയേല്‍ സേന വെസ്റ്റ് ബാങ്കില്‍ നിന്ന് പിന്‍മാറി. ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ 12 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ജെനിന്‍ മേഖലയില്‍ ഭീകരവാദികള്‍ക്ക് എതിരെ നിര്‍ണായക നീക്കങ്ങള്‍ നത്താന്‍ സാധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. വേണ്ടിവന്നാല്‍ ഇനിയും ഇത്തരം ഓപ്പറേഷനുകള്‍ നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ‘ ഇപ്പോള്‍ ഈ മിഷന്‍ ഞങ്ങള്‍ അവസാനിപ്പിക്കുകയാണ്. ജെനിനില്‍ സൈനിക നീക്കം നടത്തും. തീവ്രവാദം എവിടെ കണ്ടാലും ഞങ്ങള്‍ ഉന്മൂലനം ചെയ്യും’- അദ്ദേഹം പറഞ്ഞു.രണ്ടു പതിറ്റാണ്ടിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു തിങ്കളാഴ്ച ആരംഭിച്ചത്. രണ്ടായിരം സൈനികരെയാണ് ഇസ്രയേല്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിന്യസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം പ്രവേശിച്ചു. മേഖലയില്‍ വൈദ്യുതി സംവിധാനം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന ജനങ്ങളുടെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പുണ്ടായി. എന്നാല്‍ ഇസ്രയേല്‍ സൈന്യം മുന്നോട്ടു നീങ്ങുകയായിരുന്നു. തെരുവുകളിലൂടെ ഇസ്രയേല്‍ സൈന്യത്തിന്റെ കൂറ്റന്‍ ബുള്‍ഡോസറുകള്‍ നീങ്ങുന്നതിന്റെയും ഏറ്റുമുട്ടലുകള്‍ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2002മുതല്‍ ജനിന്‍ ക്യാമ്പ് ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിവരുന്നത്. 2002ല്‍ ഇസ്രയേലില്‍ നടന്ന ചാവേര്‍ ആക്രണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ജനിനില്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തിയിരുന്നു. എട്ട് ദിവസമാണ് അന്നത്തെ ആക്രണം നീണ്ടുനിന്നത്.