കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം.
1860ല്‍ നിര്‍മ്മിച്ച മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയും കാലപ്പഴക്കുവുമാണ് മതില്‍ ഇടിയാന്‍ കാരണമായതെന്ന് ജയില്‍ സൂപ്രണ്ട് പി വിജയന്‍ പറഞ്ഞു. വിവരം ഡിജിപി, കലക്ടര്‍ ഉള്‍പ്പടെ എല്ലാവരെയും അറിയിച്ചതായി ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലെ ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞത്. മതിലിന് ഏകദേശം 160 വര്‍ഷത്തിലേറേ പഴക്കമുണ്ട്. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് കുറ്റവാളികള്‍ ചാടിപ്പോകാതിരിക്കാനായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. ലീവിലുള്ള ഉദ്യോദസ്ഥരെ തിരികെ ഡ്യൂട്ടിയിലേക്ക് വിളിച്ചിട്ടുണ്ട്. മതിലിന്റെ മറ്റ് ഭാഗങ്ങളും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആ ഭാഗങ്ങളിലേക്ക് പോകന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് മറച്ചിരിക്കുകയാണ്. എംഎല്‍എ കെവി സുമേഷും പിഡബ്ലുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെല്ലോ അലര്‍ട്ട് ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒരു ഷട്ടര്‍ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയര്‍ത്തി. സെക്കന്‍ഡില്‍ 90 ഘനമീറ്റര്‍ വെള്ളം ഒഴുക്കുന്നു. പാംബ്ല ഡാമും ഉടന്‍ തുറക്കുമെന്നാണ് വിവരം. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.