ബൈക്കില്‍ കുട്ടികള്‍ക്ക് ഇളവ്; കേന്ദ്രം മറുപടി തന്നില്ലെന്ന് ആന്റണി രാജു; ഇതുവരെ പിരിഞ്ഞുകിട്ടിയത് 81 ലക്ഷം.
തിരുവനന്തപുരം: ബൈക്കില്‍ മൂന്നാം യാത്രക്കാരായ കുട്ടികള്‍ക്ക് ഇളവുനല്‍കുന്നതില്‍ കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ കാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറഞ്ഞെതായും മന്ത്രി പറഞ്ഞു. എഐ കാമറ കണ്ടെത്തിയ നിയമലംഘനത്തില്‍ കെഎസ്ഇബിക്ക് പിഴയിട്ടത് ഒറ്റപ്പെട്ട സംഭവമാണ്. കെഎസ്ഇബി ഉള്‍പ്പടെ അത്യാവശ്യ സര്‍വീസുകളെ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതുവരെ 2,42,542 നിയമലംഘനങ്ങള്‍ ഇതിനോടകം കണ്ടെത്തിയതായും 81 ലക്ഷത്തിലധികം രൂപ പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു. ഇതില്‍ 206 വിഐപി വാഹനങ്ങളും ഉള്‍പ്പെടുന്നു. മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും പിഴ നോട്ടീസിനെതിരെ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.