സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി; നാല് പവന്റെ മാലയുമായി യുവാവ് ജ്വല്ലറിയുടെ വാതിൽ തുറന്നു ഓടി രക്ഷപ്പെട്ടു.
പത്തനംതിട്ട: സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് നാടകീയ സംഭവങ്ങൾ. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാൾ മാലയുമായി ജ്വല്ലറിയുടെ വാതിൽ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലായിപ്പോയ ജീവനക്കാർ പിന്നാലെ എത്തുമ്പോഴേക്കും ഇയാൾ കടന്നിരുന്നു.കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാൻ നിർദ്ദേശിച്ചു. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈലിൽ പകർത്തണമെന്നു ആവശ്യപ്പെട്ടു. ചിത്രം പകർത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതിൽ തുറന്നു പുറത്തേക്ക് ഓടിയത്. പിന്നാലെ ജീവനക്കാർ പാഞ്ഞെങ്കിലും യുവാവ് സമീപത്ത് പാർക്ക് ചെയ്ത ബൈക്കിൽ കടന്നുകളഞ്ഞു. കനത്ത മഴയായതിനാൽ സംഭവം ആരും അറിഞ്ഞില്ല. മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി സിസിടിവിയിൽ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങൾ പരിശോധിച്ചു.