ഭോപ്പാല്‍:
അഞ്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തരയോടെ മധ്യപ്രദേശിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാജ്യത്ത് ഇതാദ്യമായാണ് ഒരു സമയം അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലിറക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സര്‍വീസ് നടത്തും. റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്സ്പ്രസ്, മഡ്ഗാവ് (ഗോവ)-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഹാട്ടിയ-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.