പാനൂർ : മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെടുത്തി കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെങ്ങും പ്രതിഷേധം പടരുന്നു. കണ്ണൂർ ജില്ലയിൽ പല കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. പാനൂരിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി. ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.ഐ. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് പ്രധാന കവാടത്തിൽ പ്രകടനം തടഞ്ഞു. ഗേറ്റ് തുറന്ന് സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ നേരിയ തോതിൽ ഉന്തുംതള്ളമുണ്ടായി. പിന്നീട് കെ.പി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കെ. പി.സി.സി. മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ , ഡി.സി.സി സെക്രട്ടറിമാരായ കെ.പി.സാജു ,സന്തോഷ് കണ്ണം വെള്ളി , സി.വി. എ.ജലീൽ , കെ.എസ്.യു.ജില്ല പ്രസിഡണ്ട് എം.സി. അതുൽ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് കെ.ഗോവിന്ദൻ , സി.എൻ . പവിത്രൻ , ഒ.ടി. നവാസ് ,എം എം രാജേഷ്, ടി.എം. ബാബുരാജ് കരിയാട് , സി.കെ. രവിശങ്കർ എന്നിവർ നേതൃത്വം നൽകി. കതിരൂർ , കോടിയേരി , കൂത്തുപറമ്പ്, കണ്ണൂർ , ഇരിട്ടി ,പഴയങ്ങാടി , വെള്ളച്ചാൽ, ചെറുവാഞ്ചേരി , തലശേരി, കൊട്ടിയൂർ, ധർമ്മടം, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേ പ്രകടനങ്ങൾ നടന്നു. ഇന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനത്തിന് ഡി.സി.സി. ആഹ്വാനം ചെയ്തു.