Latest News From Kannur

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു; മത്സ്യത്തൊഴിലാളികൾക്ക് 43 കിലോ സൗജന്യ റേഷൻ, 4500 രൂപ ധനസഹായം

0

തിരുവനന്തപുരം;  സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നു. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും ആഴക്കടൽ മീൻപിടിത്തവുമാണു നിരോധിച്ചത്. പരമ്പരാഗത മീൻപിടിത്ത വള്ളങ്ങളിൽ അംഗീകൃത വലകൾ മാത്രം ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം.

മുഴുവൻ മീൻപിടിത്ത തൊഴിലാളികൾക്കും 52 ദിവസത്തേക്ക് ഒരു കാർഡിന് 43 കിലോ വീതം സൗജന്യ റേഷൻ ധാന്യം വിതരണം ചെയ്യും. സംസ്ഥാനത്തു സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ (എസ്‍സിആർഎസ്) അംഗങ്ങളായ 1,58,002 മത്സ്യത്തൊഴിലാളികൾക്ക് 3 ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കും.

മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ്‌ മറൈൻ എൻഫോഴ്‌സ്‌‌‌‌മെന്റ്, കോസ്‌റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.

അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.

Leave A Reply

Your email address will not be published.