പാനൂർ : പാനൂർ പോലീസ് സബ് ഇൻസ്പെക്ടർ സി. ജയദേവൻ 28 വർഷത്തെ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും മെയ് 31 ന് വിരമിച്ചു.അണിയാരം സ്വദേശിയായ ജയദേവൻ 1995 ബാച്ചിലാണ് സർവീസിൽ കയറിയത്.വിവിധ സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പോലീസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു മേൽ ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ധാരാളം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കെ .എ പി 4 ട്രെയിനിങ് ഇൻസ്ട്രക്ടർ , എസ് പി സി ഇൻസ്ട്രക്ടർ , ഹോപ്പ് പ്രോജക്ട് ഡിസ്ട്രിക്ട് അസിസ്റ്റൻറ് നോഡൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഹൈസ്കൂൾ എസ്പിസി യൂണിറ്റുകളിൽ പരിശീലനം നൽകിയിട്ടുണ്ട്.2007ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി.ജന്മദിന നാളുകളിൽ രക്തദാനം പതിവായി നടത്താറുണ്ട്.അണിയാരം ശിവക്ഷേത്രം സേവാ സമിതി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.വിരമിച്ചതിനുശേഷം സാമൂഹ്യ സംസ്കാരിക മേഖലകളിലെ പ്രവർത്തനം തുടരാനാണ് തീരുമാനം.ഔദ്യോഗിക യാത്രയയപ്പിനു ശേഷം ജയദേവൻ വീട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും സ്നേഹവിരുന്ന് നൽകി.അണിയാരത്തെ പരേതരായ ചിറക്കൽ എൻ സി ടി മധുസൂദനൻ നമ്പ്യാരുടെയും ടി.വി സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: രേഖ (അധ്യാപിക , കെ.എൻ യുപി സ്കൂൾ കരിയാട് ).മക്കൾ: കൃഷ്ണനുണ്ണി, ലാൽ കൃഷ്ണ (ഇരുവരും വിദ്യാർത്ഥികൾ).