Latest News From Kannur

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

 

വിജയ് ബാബു 27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുൻപാകെ ഹാജരാകണം. രാവിലെ ആറ് മുതല്‍ ഒന്‍പത്  മണി വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം. നടന്റെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. 5ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കേരളം വിട്ടുപോകാന്‍ പാടില്ല. അതിജീവതയെയും കുടുംബത്തെയും  സമൂഹമാധ്യമങ്ങളില്‍ അപമാനിക്കരുത്, പരാതിക്കാരിയായ നടിയുമായി ഒരുതരത്തിലും ബന്ധപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും വിജയ് ബാബു പറയുന്നു. അതേസമയം വിജയ് ബാബുവില്‍ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.

പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെ വിജയ് ബാബുവിനെതിരെ രണ്ടാമതും കേസെടുത്തിരുന്നു. ദുബായില്‍ തങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Leave A Reply

Your email address will not be published.