Latest News From Kannur

അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; നിർണായക ചർച്ച

0

ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് സേനാ തലവൻമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാരാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നത്. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ വിഷയമാവും.

 

അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാല്- അഞ്ച് വർഷം 50,000–60,000 പേർക്കുമായിരിക്കും നിയമനം. പിന്നീട് ഇത് 90,000– 1.25 ലക്ഷമായി വർധിപ്പിക്കും. അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്കുള്ള രജിസ്ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കുമെന്ന് കരസേന തിങ്കളാഴ്ച വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്‌നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയിൽ സേനകളുടെ അംഗബലം കുറയും. നിലവിൽ 14 ലക്ഷമാണ് കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടം ഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഇക്കാര്യങ്ങളും ചർച്ചയിൽ പ്രധാന വിഷയമാകും.

ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പദ്ധതിക്കെതിരെ സമരരംഗത്തുണ്ട്. അ​ഗ്നിപഥ് പദ്ധതിക്കെതിരെ  രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് നിയമനം നൽകില്ലെന്ന് ലെഫ്. ജനറല്‍ അനില്‍ പുരി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.