Latest News From Kannur

ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിച്ചാണു യുഡിഎഫ് ഭൂരിപക്ഷം ഉയർത്തിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു

0

തിരുവനന്തപുരം :ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിച്ചാണു യുഡിഎഫ് ഭൂരിപക്ഷം ഉയർത്തിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 2244 വോട്ട് വർധിച്ചു. വോട്ട് ശതമാനം 33.32 ൽ നിന്ന് 35.28 ആയി. എങ്കിലും അവിടെ നടത്തിയ പ്രവർത്തനം കണക്കിലെടുക്കുമ്പോൾ ഇതു പോരാ.

ബിജെപി വോട്ടിലുണ്ടായ കുറവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20 പോലെയുള്ള ചില സംഘടനകൾ വിട്ടുനിന്നതും യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തി. പി.ടി.തോമസിന്റെ മരണത്തെത്തുടർന്നുണ്ടായ സഹതാപ തരംഗവും ഘടകമാണ്. ബിജെപി വോട്ട് ക്രമാനുഗതമായി കുറയുന്നതു യുഡിഎഫിന് അനുകൂലമാണ്.

എൽഡിഎഫിനു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റു ജില്ലകളിലുണ്ടായ മുന്നേറ്റം എറണാകുളത്തുണ്ടായില്ല. അതേക്കുറിച്ചും പരിശോധിക്കും. ജനവിധി സിൽവർലൈനിന് എതിരല്ല. സിൽവർലൈൻ സംബന്ധിച്ച ഹിതപരിശോധന ഒരു മണ്ഡലത്തിൽ മാത്രം നടത്തേണ്ടതല്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ സിൽവർലൈനുമായി മുന്നോട്ടു പോകുമെന്നു കോടിയേരി പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തന ശൈലിയുമായി ബന്ധപ്പെട്ട വിധിയെഴുത്തല്ല ഇത്. സഭയുടെ സ്ഥാനാർഥിയാണെന്ന മട്ടിലുള്ള പ്രചാരണം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. പി.സി.ജോർജിന്റെ പ്രസംഗം തിരഞ്ഞെടുപ്പിനെ ബാധിച്ചോയെന്നു പരിശോധിക്കേണ്ടതു ബിജെപിയാണെന്നും കോടിയേരി പറഞ്ഞു.

Leave A Reply

Your email address will not be published.