കൊച്ചി: സിൽവർ ലൈനിന് കേന്ദ്ര തത്വത്തിൽ അനുമതി നൽകിയതുകൊണ്ടാണ് കല്ലിടൽ നടത്തിയതെന്ന വിശദീകരണവുമായി കെ റെയിൽ. കല്ലിടാൻ കേന്ദ്രത്തിന്റെയോ, റെയിൽവേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയിൽ പറയുന്നു.
സംസ്ഥാന സർക്കാരിനു ഭൂമി ഏറ്റെടുക്കാനും സാമൂഹിക ആഘാത പഠനം നടത്താനും അധികാരമുണ്ട്. അതിനാൽ കല്ലിടാൻ അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കൽ സംസ്ഥാന സർക്കാരിന്റെ അധികാരത്തിലുള്ള കാര്യമാണെന്നും കെ റെയിൽ വിശദീകരിക്കുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കെ റെയിലിന്റെ വിശദീകരണം.
പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സാമൂഹികാഘാതപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭുമിയുടെ വിശദാംശങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ പദ്ധതി റിപ്പോര്‍ട്ടില്ല. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കെ റെയിലിനോട് ആവശ്യപ്പട്ടിട്ടതായും തത്വത്തില്‍ നല്‍കിയിരിക്കുന്ന അനുമതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്നും റെയില്‍വെ ബോര്‍ഡ്
ഹൈക്കോടതിയെ അറിയിച്ചു.
സര്‍വെയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിച്ചത് കേന്ദ്രത്തിന്റെ അനുമതിയില്ലാതയാണ്. കേന്ദ്രധനനമന്ത്രാലയം ഇതുവരെ സില്‍വര്‍ ലൈന്‍പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സാങ്കേതിക സാമ്പത്തിക സാധ്യത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പദ്ധതിക്ക് അന്തിമാനുമതിനല്‍കുകയെന്നും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മുലത്തില്‍ പറയുന്നു.