Latest News From Kannur

‘ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം’; മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

തിരുവനന്തപുരം: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം നടപ്പാക്കാന്‍ തീരുമാനം. ഈ മാസം 10 മുതല്‍ 30 വരെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കും. മന്ത്രിസഭായോഗത്തിന് ശേഷമാണ് പ്രത്യേകയോഗം ചേര്‍ന്നത്.

 

വകുപ്പുകളിലെ ഫയല്‍ തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് മന്ത്രിമാര്‍ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  സെക്രട്ടേറിയറ്റുകളില്‍ അടക്കം ഫയല്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പ്രത്യേകയോ​ഗം വിളിച്ചത്.

ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ട് കഴിഞ്ഞമാസവും മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഫയല്‍ തീര്‍പ്പാക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും, ഒരാളുടെ പക്കല്‍ എത്ര ദിവസം ഫയല്‍ കൈവശം വെക്കാമെന്നതിന് പരിധി നിശ്ചയിക്കാനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ഒരു ഫയല്‍ ഒട്ടേറെ പേര്‍ കാണേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. ഇത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലവിളംബം വരുത്തുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാരുടെ ഓഫീസുകളിലും ഫയല്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.

ഓരോ ഫയലും ഓരോ ജീവിതമാണെന്നും, ഫയല്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നുമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

Leave A Reply

Your email address will not be published.