കൊൽക്കത്ത; ബോളിവുഡ് ഗായകൻ കെകെയുടെ മരണത്തിൽ അസ്വഭാവികത. കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസ് കസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയാണ് കെകെ മരിക്കുന്നത്. കൊൽക്കത്തയിൽ വച്ച് നടന്ന സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഹൃദയാഘാതമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കെകെയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53). ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നസ്റുള്‍ മഞ്ചില്‍ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തി.തുടർന്ന് ഹോട്ടലിന്റെ ഗോവണിപ്പടിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ കെ വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍ തുടങ്ങിയവ കെ കെ പാടിയ ഹിറ്റ് ഗാനങ്ങളാണ്.