Latest News From Kannur

തണൽ അഭയ പൂട്ടരുതെന്ന് രോഗികൾ

0

പാനൂർ :

പാനൂര്‍ നഗരസഭയിലെ കരിയാട് തണല്‍ അഭയ ഡയാലിസിസ് സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ രോഗികള്‍ പ്രതിഷേധത്തില്‍. നിലവില്‍ 22 രോഗികള്‍ ചികിത്സ തേടുന്ന സെന്ററിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെയാണ് ആശങ്ക വര്‍ധിച്ചത്. ബദല്‍ മാര്‍ഗങ്ങളില്ലാതെ തങ്ങളുടെ ജീവിതം വഴിമുട്ടുമെന്ന് ചൂണ്ടിക്കാട്ടി രോഗികള്‍ നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സൺ നൗഷത്ത് കൂടത്തിലിന് നിവേദനം നല്‍കി.
നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് ആശ്വാസമായി 2020 മാര്‍ച്ചിലാണ് പാനൂര്‍ കരിയാട് ‘അഭയ’ എന്ന പേരില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സൗജന്യ നിരക്കിലും യാത്രാസൗകര്യമടക്കമുള്ള സേവനങ്ങളും നല്‍കി വന്ന സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് നിരവധി കുടുംബങ്ങള്‍ക്ക് തണലായി മാറി. എന്നാല്‍, സെന്ററിലെ മലിനജല സംസ്‌കരണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഉന്നയിച്ച പരാതികളെത്തുടര്‍ന്ന് നഗരസഭ ഇപ്പോള്‍ സെന്ററിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.
ഹൈക്കോടതി വിധി വരുന്നത് വരെ പ്രവര്‍ത്തനം തുടരാമെന്ന മുന്‍ ധാരണ ലംഘിക്കപ്പെട്ടതായി രോഗികള്‍ പരാതിപെടുന്നു.
ലൈസന്‍സ് പുതുക്കുന്നതിനായുള്ള അപേക്ഷ നഗരസഭ തള്ളിയിരിക്കയാണ്. ജനുവരി 12 മുതല്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് നഗരസഭാ സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശം.മറ്റു സെന്ററുകളില്‍ ഡയാലിസിസിന് ഒഴിവില്ലാത്ത സാഹചര്യത്തില്‍, സ്ഥാപനം അടച്ചുപൂട്ടിയാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന് രോഗികള്‍ പറയുന്നു.
നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് തങ്ങള്‍ ഇവിടെ എത്തുന്നെതെന്നും അനാവശ്യ പരാതികള്‍ നല്‍കി ഈ സ്ഥാപനം അടച്ചുപൂട്ടിക്കാന്‍ ചിലർ ശ്രമിക്കുകയാണെന്നും രോഗികൾ പറയുന്നു. ഇവിടെ ഡയാലിസിസ് നിലച്ചാല്‍ പിന്നെ എങ്ങോട്ട് പോകുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും രോഗികൾ ചൂണ്ടിക്കാട്ടി .
എന്നാൽ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഡി.എം.ഒ-യുടെ എന്‍.ഒ.സി ലഭിക്കാത്തതിനാലാണ് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സാധിക്കാത്തതെന്ന് നഗരസഭ വ്യക്തമാക്കുന്നു. എന്നാല്‍ സെന്റര്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നഗരസഭയ്ക്ക് ഉദ്ദേശമില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നൗഷത്ത് കൂടത്തില്‍ പറഞ്ഞു. മാനുഷിക പരിഗണനയോടെയുള്ള നടപടി സഗരസഭ കൈ കൊള്ളുമെന്നും ചെയർ പേഴ്സൺ പറഞ്ഞു

Leave A Reply

Your email address will not be published.