മട്ടന്നൂർ :
കണ്ണൂർ വിമാനത്താവളം വഴി 2025 ൽ യാത്ര ചെയ്തത് 15.1 ലക്ഷം പേർ. വിമാനത്താവളം പ്രവർത്തനം തുടങ്ങിയശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2019 ൽ 14.7 ലക്ഷം യാത്രക്കാരുണ്ടായതാണ് ഇതുവരെയുള്ള ഉയർന്ന കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനം വർധനയാണ് ഉണ്ടായത്.
10.51 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 4.58 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ വർഷം കണ്ണൂരിലുണ്ടായത്. മുൻവർഷത്തേക്കാൾ 15 ശതമാനം അന്താരാഷ്ട്ര യാത്രക്കാരും 21 ശതമാനം ആഭ്യന്തര യാത്രക്കാരും വർധിച്ചു. അബുദാബി, ദോഹ, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാരുണ്ടായത്. ആഭ്യന്തര സെക്ടറിൽ ബംഗളൂരുവിലേക്കാണ് യാത്രക്കാർ കൂടുതൽ.
സാമ്പത്തികനിലയിലും വിമാനത്താവളം വളർച്ച
കൈവരിച്ചതായി കിയാൽ അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 23 ശതമാനം വളർച്ചയാണ് നിലവിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസമായി വരവും ചെലവും തുല്യമായ രീതിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. വിമാനത്താവളത്തിൽ കാറ്റഗറി വൺ അപ്രോച്ച് ലൈറ്റിന്റെ നിർമാണം ഈ വർഷം തുടങ്ങും. സോളാർ പവർ പ്ലാന്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
ശൈത്യകാല ഷെഡ്യൂളിൽ നിർത്തിവച്ച സർവീസുകൾ
ഏപ്രിലോടെ തുടങ്ങുന്ന വേനൽക്കാല ഷെഡ്യൂളിൽ എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. കൂടാതെ ഫ്ലൈ 91, അൽഹിന്ദ് എയർ, എയർ കേരള തുടങ്ങിയ പുതിയ കമ്പനികളും ഈ വർഷം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.