Latest News From Kannur

‘തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു’; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

0

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കടത്തിയ കേസിലാണ് ഇപ്പോള്‍ കണ്ഠരര് രാജീവര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കട്ടിളപ്പാളി കൊണ്ട് പോകാന്‍ തന്ത്രി ഒത്താശ ചെയ്തു, ആചാര ലംഘനത്തിന് കൂട്ട് നിന്നു തുടങ്ങിയ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

കട്ടിളപ്പാളി കൊണ്ട് പോകാന്‍ പോറ്റിക്കും മറ്റ് പ്രതികള്‍ക്കും മൗനാനുവാദം നല്‍കി. ആചാരങ്ങള്‍ പാലിച്ചില്ല. ചട്ടലംഘനം ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് നോട്ടീസില്‍ എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളി കേസില്‍ 13ാം പ്രതിയാക്കിയാണ് നിലവില്‍ കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും എഐടി വ്യക്തമാക്കുന്നു.

ശബരിമല  സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പോറ്റിക്ക് ശബരിമലയില്‍ സ്‌പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ, കണ്ഠരര് രാജീവരെ കൊല്ലം വിജിലന്‍സ് കോടതിയിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. റിമാൻഡിലായ സാഹചര്യത്തില്‍ തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ട് മാറ്റും. തിരുവനന്തപുരം ജനറലാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് എസ്ഐടി തന്ത്രിയുമായി കൊല്ലത്തേക്ക് തിരിച്ചത്.

Leave A Reply

Your email address will not be published.