Latest News From Kannur

റെയിൽവേയുമായി 5 വർഷം പോരാടി; ഒടുവിൽ വിജയം

0

കോട്ടാ (രാജസ്ഥാൻ) ∙ അന്യായമായി ഈടാക്കിയ 35 രൂപ തിരികെ ലഭിക്കാൻ റെയിൽവേയുമായി 5 വർഷം പോരാടി വിജയം. ഒപ്പം ഇതേ അനീതിക്ക് ഇരയാകേണ്ടിവന്ന 3 ലക്ഷത്തോളം ഐആർസിടിസി ഉപയോക്താക്കൾക്ക് പണം തിരികെ ലഭിക്കാൻ അവസരമൊരുക്കിയെന്ന സംതൃപ്തിയും.

കോട്ടാ സ്വദേശിയായ എൻജിനീയർ സുജിത് സ്വാമിയാണ് ഈ പോരാട്ടത്തിലെ നായകൻ. 2017 ജൂലൈ 2ന് കോട്ടായിൽ നിന്ന് ന്യൂഡൽഹിക്കു പോകാൻ ഏപ്രിലിൽ സുജിത് ടിക്കറ്റ് ബുക്ക് ചെയ്തു. ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽവന്ന ജൂലൈ ഒന്നിന്റെ പിറ്റേന്നായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ യാത്ര റദ്ദാക്കേണ്ടിവന്നു. 765 രൂപയുടെ ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ ലഭിച്ചത് 665 രൂപ മാത്രം.

കാൻസലേഷൻ ചാർജിനൊപ്പം ജിഎസ്ടി നടപ്പാകും മുൻപ് 35 രൂപ സേവന നികുതിയായി പിടിച്ചത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് സുജിത് പോരാട്ടം തുടങ്ങി. 50 വിവരാവകാശ അപേക്ഷകൾ ഉൾപ്പെടെ ഒട്ടേറെ അപേക്ഷകൾ നൽകി നടത്തിയ പോരാട്ടം. 2019 മേയ് ഒന്നിന് 33 രൂപ സർവീസ് ടാക്സ് റീഫണ്ടായി ഐആർസിടിസി നൽകി. ബാക്കി 2 രൂപയ്ക്കുവേണ്ടി സുജിത് 3 വർഷം കൂടി പോരാട്ടം തുടർന്നു. ഇപ്പോൾ സുജിത്തിന് ബാക്കി 2 രൂപ കൂടി നൽകി. ഒപ്പം 2.98 ലക്ഷം ഐആർസിടിസി ഉപയോക്താക്കളിൽ നിന്ന് ഇങ്ങനെ അന്യായമായി ഈടാക്കിയ 2.43 കോടി രൂപ തിരികെ നൽകാൻ റെയിൽവേ അനുമതി നൽകി. തിങ്കളാഴ്ചയാണ് 2 രൂപ സുജിത്തിന്റെ അക്കൗണ്ടിൽ വന്നത്.

Leave A Reply

Your email address will not be published.