കൊച്ചി: വെണ്ണല മത വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയെങ്കിലും പിസി ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കമ്മീഷണറുടെ പ്രതികരണം.
തിരുവനന്തപുരത്തെ കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്ന് കമ്മീഷണർ പറഞ്ഞു. കേസില്‍ പിസി ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ട്. അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശനിയാഴ്ച പിസി ജോർജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഇതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് സൂചന.