കൊച്ചി: വെണ്ണല മത വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. പാലാരിവട്ടം വെണ്ണലയിൽ ഒരു ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.
വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങൾക്ക് മാത്രം മുൻപ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചു. ആ കേസിന്റെ ജാമ്യത്തിൽ നിൽക്കെയാണ് സമാനമായ രീതിയിൽ അദ്ദേഹം വീണ്ടും വിവാദ പരാമർശങ്ങൾ നടത്തിയത്.
പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. പാലാരിവട്ടം പൊലീസ് പിസി ജോര്‍ജ്ജിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.