Latest News From Kannur

ഹരിതയുടെ പരാതിയിൽ അറസ്റ്റ്, സ്റ്റേഷൻ ജാമ്യം; പാർട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് നവാസ്

0

മലപ്പുറം: വനിതാ നേതാക്കളെ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആവശ്യമായ തെളിവുകൾ ഹാജരാക്കിയെന്നും തൻറെ നിരപരാധിത്വം തെളിയുമെന്നും നവാസ് പറഞ്ഞു. പ്രചരിക്കുന്നത് അസത്യങ്ങളും അർധസത്യങ്ങളുമാണ്. പാർട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടാൽ മാറും. പിന്നിൽ ബാഹ്യശക്തികൾ ഉണ്ടോയെന്ന് പാർട്ടി പരിശോധിക്കട്ടെയെന്നും നവാസ് പറഞ്ഞു.

ലൈംഗീകാധിക്ഷേപത്തെക്കുറിച്ച് സംഘടനയ്ക്കകത്തും പുറത്തും ഹരിത നേതാക്കൾ ശക്തമായ നിലപാട് എടുത്തതിന് തൊട്ടുപുറകേയാണ് നവാസിൻറെ അറസ്റ്റ്. കേസിൻറെ അന്വേഷണ ചുമലയുളള കോഴിക്കോട് ചെമ്മങ്ങാട് ഇൻസ്‌പെക്ടർ അനിതകുമാരി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നവാസിന് നോട്ടീസ് അയച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ നവാസ് സ്റ്റേഷനിൽ ഹാജരായി. ഒരു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ എംഎസ്എഫ് നേതാക്കൾ ലൈംഗീകാധിക്ഷേപം നടത്തിയതായി ഹരിത നേതാക്കൾ ആരോപണം ഉന്നയിച്ച ജൂൺ 22 ലെ യോഗത്തിൻറെ മിനുട്‌സ് ഹാജരാക്കാൻ എംഎസ്എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന് പൊലീസ് നിർദ്ദേശം നൽകി. ലീഗ് നേതൃത്വത്തോട് കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ തുടർ നടപടിയെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു.

Leave A Reply

Your email address will not be published.